സമർപ്പണം

സമർപ്പണം: എഴുത്തിൽ എന്നെ ഞാനാക്കിയത്, എൻറെ മനസഗുരു, അന്തരിച്ച പത്രാധിപർ സി.എ. ഡേവിസ് ആയിരുന്നു. അദ്ദേഹത്തെ ആദ്യമായി ഞാൻ കാണുമ്പോൾ, 1985-86 കാലത്ത് അദ്ദേഹം എക്സ്പ്രസ്സിലെ 'പ്രതിഭാവേദി' കൈകാര്യം ചെയ്യുന്ന പത്രാധിപരായിരുന്നു. പിന്നീട്, എക്സ്പ്രസ്സ് പ്രസിദ്ധീകരണം അവസാനിപ്പിച്ചപ്പോൾ, ജനറൽ സായാഹ്ന പത്രത്തിൽ പത്രാധിപരായി അദ്ദേഹം. അക്കാലത്തു ഞാൻ എഴുതിയിരുന്നത്, സൂര്യ എന്ന തൂലികാനാമത്തിലായിരുന്നു. ഡേവിസ് സാറിൻറെ ശിക്ഷണങ്ങളുടെ ഓർമ്മകളിൽ, കൃതജ്ഞതയോടെ ഞാനെൻറെഎഴുത്തുകൾ അദ്ദേഹത്തിനു സമർപ്പിക്കുകയാണ്. സസ്നേഹം... സതീഷ് കളത്തിൽ

ഈ ബ്ലോഗ് തിരയൂ

അലസ സൂക്തങ്ങൾ

കവിതാ ശകലങ്ങളോടുള്ള പ്രേമമല്ല; കവിക്കായുള്ള അടങ്ങാത്ത മോഹമല്ല; അലസനിമിഷ ഗമനത്തിൽ, കയ്യിലെത്തിയ കടലാസ്സിൽ, കളം വരച്ചതാണീ ഗീതങ്ങൾ..! 30- 05- 1990

രാജകോകില വിലാപം

Kshethra Darsanam 2021 Dec
Kalapoornna 2022 Jan
 









കൃഷ്ണാ..,
നീയെന്നെയറിയുന്നില്ലെന്നോ...?!!

നിൻറെ ഭോഗങ്ങളുടെ അവശേഷിപ്പുകൾ  
നീളെ മയങ്ങി കിടക്കും വീഥികളിലെൻറെ
മരണമില്ലാത്ത ഭക്തിയുടെ നിറം
മരവിച്ചിരിക്കുന്നതു നീയറിയുന്നില്ലെന്നോ...?
   
കളഭ ചുംബനങ്ങൾ തിങ്ങിയ ശീതളതയിൽ  
കൊരുത്തിട്ടിരിക്കുന്നെൻറെ ഹൃദയമാല്യം
കൃഷ്ണാ.., നീ കാണുന്നില്ലെന്നോ...?

ശിശിരങ്ങൾ ഇലകൾ കൊഴിക്കുമ്പോഴും
വസന്തങ്ങൾ പൂക്കൾ പൊഴിക്കുമ്പോഴും
ഹേമന്തങ്ങൾ ദീപക്കാഴ്ചകളണക്കുമ്പോഴും
നിനക്കായുള്ള വർഷോത്സവങ്ങളെവീണ്ടും
മൺവീണയിൽ ശ്രുതി മീട്ടിയുണർത്തുന്നീ
രാജകോകിലത്തെ നീ കേൾക്കുന്നില്ലെന്നോ...?

എന്നിലെ മിടിപ്പ് നിലയ്ക്കാത്തതും
പുലർകാലങ്ങൾ മിഴികൾ തുറക്കുന്നതും
പകലറുതികൾ കാത്തിരിക്കുന്നതും
നീയിനിയും കവരാത്തയെൻറെ പ്രണയം
ഒരേയൊരു ചുംബനം കൊതിച്ചാണെന്ന്
ഏതു ഋതുവാണു നിന്നോടു പറയേണ്ടത്?

ഇരുൾപാതയകറ്റി നിൻറെ മടിത്തട്ടിൽ
ഇരുന്നിളംവെയിൽ കായുവാൻ,
പ്രണയമാകും നിൻറെ പൂമരത്തണലിൽ
പൊഴിയുമൊരു ഞാവൽപഴമാകുവാൻ,
പൈദാഹം കൊള്ളുമ്പോഴധരങ്ങളെ
പാഥേയമാക്കി പങ്കിട്ടു നുകരുവാൻ,
പകലോനകലുമ്പോൾ വഴിമാറും നിൻറെ
പ്രണയത്തിനു കർപ്പൂരമായി തെളിയുവാൻ,
ഇരുയിളയൊരിളയായിരുളിൽ പുതയുവാൻ
ഇനിയേതു ജന്മം ഞാൻ പൂകണം നാഥ...?

Published Online: 

Malayalimanasu On: 02-Dec-2021

Malayala Mnorama On: 03-Oct-2022